അഫ്ഗാനിൽ ഭീകരർ 50 പേരെ വെടിവെച്ച് കൊന്നു

10:00 AM
07/08/2017
afgan shot

കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ സാരേപുൾ പ്രവിശ്യയിൽ ഭീകരർ 50 പേരെ വെടിവെച്ച് കൊന്നു. ലോക്കൽ പൊലീസിന്‍റെ ചെക്ക് പോയിന്‍റ് സ്ഥിതി ചെയ്യുന്ന മിർസവാലങ്ങിലാണ് സംഭവം. ഗ്രാമത്തിലെത്തിയ ആയുധധാരികൾ സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രദേശവാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 

അഫ്ഗാൻ സുരക്ഷാ വിഭാഗത്തിലെ ഏഴു പേരും വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഒരു തീവ്രവാദിയെ സുരക്ഷാസേന വധിച്ചു. ആക്രമണത്തിൽ ഷിയാ വിഭാഗത്തിലെ മുസ് ലിംകളാണ് മരണപ്പെട്ടതെന്ന് പ്രവിശ്യ ഗവർണർ മുഹമ്മദ് സഹർ വാദത്ത് രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു. 

afgan shot

അതേസമയം, ഗ്രാമവാസികൾ കൊല്ലപ്പെട്ടെന്ന അഫ്ഗാൻ സാർക്കാറിന്‍റെ പ്രസ്താവന ഭീകരസംഘടനയായ താലിബാൻ നിഷേധിച്ചു. സർക്കാറിനെ പിന്തുണക്കുന്ന വിഭാഗത്തിലെ 28 പേരാണ് കൊല്ലപ്പെട്ടതെന്ന് താലിബാൻ വ്യക്തമാക്കി. 

സംഭവത്തെ അപലപിച്ച അഫ്ഗാൻ പ്രസിഡന്‍റ് അശ്റഫ് ഗനി സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ നടപടി പ്രാകൃതമെന്ന് പറഞ്ഞു. മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ആക്രമണം യുദ്ധകുറ്റമാണെന്നും അശ്റഫ് ഗനി ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ ആറു മാസത്തിനിടെ 1662 സിവിലിയന്മാർ അഫ്ഗാനിൽ കൊല്ലപ്പെട്ടതായി യു.എൻ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 


 

COMMENTS