കിഷോറിന് ജൻമദിനാശംസകൾ; ഇഷ്ടഗാനങ്ങൾ

12:34 PM
04/08/2017

കിഷോർ കുമാർ ഗാനങ്ങലില്ലാതെ ഇന്ത്യൻ സംഗീതത്തിൽ ക്ലാസിക്കുകൾ പൂർണമാവില്ല. ഗായകൻ കൂടാതെ ഹാസ്യനടൻ, ഗാനരചയിതാവ്, സം‌ഗീത‌സം‌വിധായകൻ, നിർമ്മാതാവ്, സം‌വിധായകൻ, തിരക‌ഥാകൃത്ത് എന്നീ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്‍റെ 88ാം പിറന്നാൾ ആഘോഷത്തിലാണ് സംഗീത ലോകം. മേരേ സപ്നോം കി റാണി, ഏക് ലഡ്കി ബീഗിയുമെല്ലാം കേൾക്കുന്നവർ ഒരുനിമിഷം ആ വരികളിൽ അലിഞ്ഞ് ഗൃഹാതുരതയലേക്ക് ചേക്കേറും. പ്രണയവും വിഷാദവും സന്തോഷവുമെല്ലാം ഉൾചേർന്ന ഗാനങ്ങളിലൂടെ ഇന്നും കിഷോർ മനസുകളിൽ ജീവിക്കുന്നു. 

മാതൃഭാഷയായ ബംഗാളിയിലും മറാത്തി, ആസാമീസ്, ഗുജറാത്തി, കന്നട, ഭോജ്പുരി, മലയാളം, ഒറിയ എന്നീ ഭാഷകളിലും  പാടിയിട്ടുണ്ട്. ഹിന്ദി സിനിമാ നടന്‍ അശോക് കുമാര്‍ ഇദ്ദേഹത്തിന്‍റെ മൂത്ത സഹോദരനായിരുന്നു. ഇന്ത്യൻ സിനിമയിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചിട്ടില്ലാത്ത അപൂർവം ചില പിന്നണിഗായകരിൽ ഒരാളായിരുന്നു അദ്ദേഹം.

1950 മുതൽ 1980 വരെ കാലഘട്ടത്തിൽ മുഹമ്മദ് റഫി, മുകേഷ് എന്നിവരോടൊപ്പം തന്നെ കിഷോറും മുഖ്യധാരയിലുണ്ടായിരുന്നു. 
ഏറ്റവും കൂടുതൽ തവണ മികച്ച ഗായകനുള്ള ഫിലിംഫെയർ പുരസ്കാരവും അദ്ദേഹം നേടി. 1987ൽ ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരണമടയുന്നത്.

മലയാള സംഗീതലോകത്തിന്‍റെ ഭാഗമായതും അദ്ദേഹത്തെ മലയാളികൾക്കിടയിൽ  പ്രിയങ്കരനാക്കുന്നതിൽ പ്രധാനപങ്കുവഹിച്ചു. അയോധ്യ എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം പാടിയത്. പ്യാർ ദിവാന ഹോതാ ഹേ (കതി പതംഗ്) യേ ശ്യാം മസ്താനി (കടി പതംഗ്), കുച്‌തോ ലോഗ് കഹേം ഗേ (അമര്‍ പ്രേം), ദിയാ ജല്‍തേ ഹേ (നമക് ഹറാം), ഹമേ തുംസേ പ്യാര്‍ കിത്‌നാ (ഖുദ്‌റത്), വോ ശ്യാം കുച്ഛ് അജീബ് ഥീ (ഖാമോശീ), മെരെ നൈനാ സാവന്‍ ഭാദോം ( മെഹബൂബാ), മേരാ ജീവന്‍ ഖൊരാ കാഗസ് (ഖൊരാ കാഗസ്), ദില്‍ ഐസാ കിസീ നെ മേരാ തോഡാ(അമാനുഷ്) എന്നിവയാണ് കിഷോർ ആരാധകരുടെ ഇഷ്ടഗാനങ്ങള്‍.

ബംഗാളി നടിയായ റൂമ, ഹിന്ദി സിനിമ കണ്ട എറ്റവും സുന്ദരിയായ മധുബാല, നടിമാരായ യോഗിതാ ബാലി, ലീന ചന്ദ്രവര്‍ക്കര്‍ എന്നിവരൊക്കെ കിഷോറിന്‍റെ ഭാര്യമാരായിരുന്നു.
 

COMMENTS