ബിഗ് ബോസ് ഷോ വിടുമെന്ന് കമൽഹാസൻ

10:35 AM
07/08/2017

ന്യൂഡൽഹി: സാമൂഹിക ഉത്തരവാദിത്തമില്ലാതെ പെരുമാറുകയാണെങ്കിൽ താൻ ഷോ വിടുമെന്ന് ബിഗ്ബോസ് തമിഴ്പതിപ്പിന്‍റെ അവതാരകനായ കമൽഹാസൻ അധികൃതരെ അറിയിച്ചു. മത്സരാർഥികളോട് ഭിന്നശേഷിയുള്ളവരെ അനുകരിക്കണമെന്ന ചാനൽ അധികൃതരുടെ ആവശ്യമാണ് കമൽഹാസനെ ചൊടിപ്പിച്ചത്. ബുദ്ധിശൂന്യമായി പെരുമാറുന്നുവെന്ന കാരണത്താൽ ഇപ്പോൾത്തന്നെ പരിപാടി വിമർശനം നേരിട്ടുക്കൊണ്ടിരിക്കുകയാണ്. വീണ്ടും ഇത്തരം ബുദ്ധിശൂന്യമായ കാര്യങ്ങൾ തുടരുകയാണെങ്കിൽ താൻ പരിപാടിയിൽ നിന്ന് പിൻമാറുന്നുവെന്ന് കമൽഹാസൻ അധികൃതരെ അറിയച്ചതായി ഇന്ത‍്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തത്.

ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന് ബിഗ്ബോസ് ടീമിനോട് താൻ ആവശ്യപ്പെട്ടിട്ടുണ്ട്. വീണ്ടും ഇത്തരം തെറ്റുകൾ ആവർത്തിക്കപ്പെടുകയാണെങ്കിൽ ഈ പരിപാടി വേണ്ടെന്ന് തീരുമാനിക്കും. ഈ പരിപാടി എന്നെ സംബന്ധിച്ചിടത്തോളം അത്ര പ്രധാനപ്പെട്ടതൊന്നുമല്ല.

ഓരോ ദിവസവും എന്തെല്ലാം പരിപാടിയിൽ ഉൾപ്പെടുത്തണമെന്ന തീരുമാനിക്കുന്നതിൽ താൻ പങ്കാളിയാകാറില്ല. ഭിന്നശേഷിയുള്ളവരെ അനുകരിക്കുന്നതിലും അവരെ പരിഹസിക്കുന്നതിലും തനിക്ക് താൽപര്യമില്ല. നമുക്കെല്ലാവർക്കും സാമൂഹികമായ ചില ഉത്തരവാദിത്തങ്ങളുണ്ട്- കമൽഹാസൻ പറഞ്ഞു.

നിങ്ങൾ എന്നോട് ചോദിച്ചേക്കാം, എന്‍റെ സിനിമകളിൽ ബുദ്ധിമാന്ദ്യമുള്ളവർ ഉണ്ടായിരുന്നില്ലേയെന്നും ഞാൻ അത്തരം റോളുകളിൽ അഭിനയിച്ചിട്ടില്ലേയെന്നും. അവരെ കോമിക് കഥാപാത്രങ്ങളായി തമാശ സൃഷ്ടിക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. തന്‍റെ സിനിമകളിൽ അവർ നായകന്മാരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

COMMENTS