റിലീസ് ദിവസം 'ചങ്ക്സി'ന്‍റെ വ്യാജൻ ഇൻറർനെറ്റിൽ

22:23 PM
06/08/2017
Chunkz Movie

കൊച്ചി: പ്രദര്‍ശന ദിവസംതന്നെ മലയാള സിനിമയുടെ വ്യാജന്‍ ഇൻറർനെറ്റില്‍. ഒമര്‍ ലുലു സംവിധാനം ചെയ്​ത ‘ചങ്ക്സ്’ സിനിമയുടെ വ്യാജനാണ് രണ്ടുഷോ കഴിഞ്ഞയുടന്‍ ഇൻറര്‍നെറ്റില്‍ വന്നത്. സംസ്​ഥാനത്ത്​ മാത്രമാണ്​ റിലീസ്​ ചെയ്​തത്​. എറണാകുളം റേഞ്ച് ഐ.ജി പി. വിജയന് നിര്‍മാതാവ്​ വൈശാഖ് രാജന്‍ നല്‍കിയ പരാതിയില്‍ ആൻറി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചു. 

രണ്ടുമണിക്കൂറും ഒരുമിനിറ്റും ദൈര്‍ഘ്യമുള്ള ചിത്രത്തി​​​െൻറ 1.25 മണിക്കൂറുള്ള ആദ്യ പകുതിയാണ്​ നെറ്റില്‍ അപ്‌ലോഡ് ചെയ്തത്. തിയറ്ററില്‍നിന്ന്​ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ്​ സിനിമ പകര്‍ത്തിയത്. ഓപണ്‍ക്ലൗഡ് വെബ്സൈറ്റിലാണ്​ വ്യാജന്‍ പ്രത്യക്ഷപ്പെട്ടത്. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആൻറി പൈറസി വിഭാഗം നടത്തിയ പരിശോധനയില്‍ ഗള്‍ഫില്‍നിന്നാണ്​ ലിങ്ക് അപ്‌ലോഡ് ചെയ്തതെന്ന്​ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഇൻറര്‍നെറ്റില്‍നിന്ന്​ നീക്കി.

ഏതുതിയറ്ററില്‍നിന്നാണ്​ ചിത്രം പകര്‍ത്തിയതെന്ന്​ കണ്ടെത്താന്‍ ചെന്നൈയിലെ റിയല്‍ ഇമേജ് ടെക്നോളജിയുടെ (ക്യൂബ് ടെക്നോളജി) സഹായം തേടിയിട്ടുണ്ടെന്ന്​ വൈശാഖ് രാജന്‍ പറഞ്ഞു. യു.എഫ്.ഒ സംവിധാനത്തില്‍ അപ്‌ലോഡ് ചെയ്യുന്ന ഡിജിറ്റല്‍ കോപ്പികളില്‍ തിയറ്റര്‍ തിരിച്ചറിയാന്‍ വാട്ടര്‍മാര്‍ക്ക് രേഖപ്പെടുത്താറുണ്ട്. വ്യാജന്‍ പകര്‍ത്തിയ തിയറ്റര്‍ ഏതാണെന്ന്​ വ്യക്തമായാല്‍ ശക്തമായ നടപടി സ്വീകരിക്കാനാണ്​ തീരുമാനം. ഇതുള്‍പ്പെടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിങ്കളാഴ്​ച യോഗം ചേരും. സിനിമ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്കിടെ ആശങ്കയോടെയാണ്​ മിക്ക ചിത്രങ്ങളും ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തുന്നത്. അതിനിടെ, വ്യാജന്‍കൂടി ഇറങ്ങുന്നത്​ നിര്‍മാതാക്കളെ കടുത്ത പ്രതിസന്ധിയിലാക്കും. 

COMMENTS