ആഹ്ലാദത്തിലും പ്രാർഥനകളിലും നിറഞ്ഞ്​ അൻവാർശ്ശേരി

09:00 AM
07/08/2017
ശാസ്താംകോട്ട: ഒരിക്കൽക്കൂടി മഅ്ദനി ജന്മനാട്ടിലേക്കെത്തിയതോടെ ആഹ്ലാദത്തിലും ഒപ്പം പ്രാർഥനകളിലുമാണ് അൻവാർശ്ശേരിയിെല കുരുന്നുകളടക്കമുള്ളവർ. ജാമ്യവ്യവസ്ഥയിൽ ഇളവ് നേടിയുള്ള സന്ദർശനങ്ങൾക്കപ്പുറം സ്വതന്ത്രനായി 'ഉസ്താദ്' വരുന്ന നാളിനുവേണ്ടി കാത്തിരിക്കുകയാണിവർ. പ്രതിസന്ധികളും പ്രതിബന്ധങ്ങളും താണ്ടിയുള്ള മഅ്ദനിയുടെ ജീവിതവഴികളിൽ എന്നും കരുത്തായിരുന്നു അദ്ദേഹം കെട്ടിപ്പടുത്ത അൻവാർശ്ശേരിയിലെ സ്ഥാപനങ്ങൾ. ഇവരിൽ മഅ്ദനിയുടെ സ്കൂൾ അധ്യാപകൻ ചന്ദ്രശേഖരൻ നായർ മുതൽ അൻവാർശ്ശേരിയിലെ എട്ടു വയസ്സുകാരൻ നവാസ് വരെയുണ്ട്. അനിശ്ചിതത്വത്തിന് ഒടുവിൽ മഅ്ദനി എത്തുന്നു എന്ന സ്ഥിരീകരണം ലഭിച്ചതുമുതൽ അൻവാറിലെ കുട്ടികൾ ഉസ്താദി​െൻറ വരവിനായുള്ള കാത്തിരിപ്പിലായിരുന്നു. പരമോന്നത നീതിപീഠം മഅ്ദനിയുടെ കേസ് പരിഗണിച്ച നാളുകളിലെ പ്രാർഥന സഫലമായതി​െൻറ ആശ്വാസവും അവർ പങ്കുെവച്ചു. അൻവാർശേരിയിലേക്ക് സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഞായറാഴ്ച പുലർച്ച മുതലേ അഭ്യുദയകാംക്ഷികളുടെ പ്രവാഹമായിരുന്നു. സുരക്ഷക്കെത്തിയ പൊലീസുകാരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പി.ഡി.പിയുടെ സന്നദ്ധ സേവന വിഭാഗമായ പീപിൾസ് മൈറ്റി ഗാർഡ് വളൻറിയർമാരും ചേർന്നതോടെ അൻവാർശ്ശേരി നിറഞ്ഞു. അതിരാവിലെ അൻവാർശ്ശേരിയിൽ എത്തിയ പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര, ജില്ല പ്രസിഡൻറ് മൈലക്കാട് ഷാ, ജനറൽ സെക്രട്ടറി ഷാഹുൽ തെങ്ങുംതറ, നിയോജകമണ്ഡലം പ്രസിഡൻറ് കെ.ഇ. ഷാജഹാൻ എന്നിവർ 11 ഒാടെ മഅ്ദനിയെ വരവേൽക്കാനായി നെടുമ്പാശ്ശേരിയിലേക്ക് പോയിരുന്നു. ദേശീയ മാധ്യമങ്ങളുടേതടക്കമുള്ള ഒ.ബി വാനുകൾ അൻവാർശ്ശേരിയിൽ ഉച്ചയോടെ സ്ഥാനംപിടിച്ചു. മഅ്ദനിയുടെ മാതാപിതാക്കൾ ഇപ്പോൾ കഴിയുന്ന അൻവാർശ്ശേരിക്ക് സമീപത്തെ സഹോദരൻ ഹസ​െൻറ വീട്ടിലും നിരവധി ബന്ധുക്കൾ എത്തിയിരുന്നു. എല്ലാവരുടെയും കാത്തിരിപ്പ് രാത്രിയിലേക്കും നീണ്ടു.

COMMENTS