You are here

നുണ പ്രചാരണത്തെ നേരിടേണ്ടത് കണക്കു വച്ചിട്ടാണ്.

12:49 PM
05/08/2017
0 Comments

KJ Jacob സത്യത്തിൽ ഇതുവരെ കിട്ടാത്ത ഒരു സുവർണ്ണാവസരം സി പി എമ്മിന് കിട്ടുകയാണ്. അത് സ്വർണ്ണത്തളികളയിൽ കൊണ്ടുവന്നു വെച്ചുതരുന്നത് ബി ജേ പി യാണ് എന്നത് അതിന്റെ വൈരുധ്യം.

കേരളം എന്നാൽ ടൂറിസം, ആയുർവേദം, സാക്ഷരതാ ഇതൊക്കെയായിരുന്നു പുറത്തുള്ളവർക്ക് ഇതുവരെ പെട്ടെന്നു വന്നിരുന്ന ഇമേജുകൾ. കഴിഞ്ഞ ഒരു വർഷത്തെ കഠിനാധ്വാനം കൊണ്ട് അത് കൊലയാളികളുടെ, അതും കമ്യൂണിസ്റ്റ്റ് കൊലയാളികളുടെ, നാടാക്കാൻ പരിവാർ കൊണ്ടുപിടിച്ച ശ്രമം നടത്തിയിട്ടുണ്ട്. ലോക്കൽ ബി ജേ പി നേതാക്കന്മാർ അവരെക്കൊണ്ടു പറ്റുന്ന സഹായം ചെയ്തട്ടുണ്ട്. ഹിന്ദുക്കൾക്ക് ജീവിക്കാൻ പറ്റാത്ത നാട് എന്നാണ് ഇപ്പോൾ കേരളത്തെക്കുറിച്ച് അവർ ഏകദേശം പ്രചരിപ്പിക്കുന്ന ചിത്രം.

രാഷ്ട്രീയ കൊലപാതകങ്ങൾ നിർത്തലാക്കാനുള്ള നടപടികൾ എടുത്തു അറിയിക്കണം എന്ന്ഇന്നലെ നാഷണൽ ഹ്യൂമൻ റൈറ്സ് കംമീഷൻ ഇണ്ടാസ് ഇറക്കിയിട്ടുണ്ട്. ഞായറാഴ്ച്ച അരുൺ ജെയ്റ്റ്ലി തിരുവനതപുരത്ത് വരുന്നുണ്ട്. മെഡിക്കൽ കോളേജ് കോഴക്കേസിൽ മുഖം നഷ്ടപ്പെട്ടു നിൽക്കുന്ന കേരളം ബിജെപിയുടെ മുഖം മിനുക്കുക എന്നതാണ്‌ ലക്‌ഷ്യം. തിരുവനതപുരത്ത് കൊല്ലപ്പെട്ട ആർഎസ്എസ് നേതാവിന്റെ വീട് സന്ദർശിക്കുകയായിരിയ്ക്കും പ്രധാന പരിപാടി. നാഷണൽ മീഡിയയിൽ അന്ന് ആഘോഷമായിരിക്കും. കമ്യൂണിസ്റ്റു കാപാലികർ ആർഎസ്എസ്സുകാരെ ജീവിക്കാൻ അനുവദിക്കാത്ത നാട് എന്ന പ്രചാരണം ഒന്നുകൂടി കൊഴുക്കും.

എന്നുപറഞ്ഞാൽ ഇതിലധികം താഴേക്കു പോകാൻ പറ്റാത്ത അവസ്‌ഥയിൽ കേരളത്തിന്റെ ഇമേജ് ബി ജേ പി എത്തിക്കും.അത്രയും ചെയ്തുകഴിഞ്ഞാൽ പിന്നെ സി പി എമ്മിന്റെ ജോലിയാണ്. മൂന്നു കാര്യങ്ങളാണ് പറയേണ്ടത്.കേരളത്തിലെ രാഷ്ട്രീയ കൊലപാതക കണക്ക്. അത് ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ളത് ആകാം. തുടക്കം മുതലാകാം. അതിന്റെ നാൾവഴികണക്ക് എടുക്കാം. മറ്റു സംസ്‌ഥാനങ്ങളിലെ ക്രമസമാധാനക്കണക്ക് ആകാം. നാഷണൽ ക്രൈം റിക്കോർഡ്‌സ് ബിയൂറോയിലെ കണക്കെടുത്തുവെക്കാം. എന്നിട്ടു കേരളവുമായി ഒരു താരതമ്യം ആകാം.

ഹ്യൂമൻ ഡെവലപ്മെന്റ് ഇന്ഡക്സ് എടുത്തുവെക്കാം. ഇടതും വലതും സർക്കാരുകൾ 'ഭരിച്ചുമുടിച്ച' കേരളവും മറ്റു സംസ്‌ഥാനങ്ങളും തമ്മിലുള്ള നിസാരമായ ചില വ്യത്യാസങ്ങൾ...ശിശുമരണം, സാക്ഷരത, സെക്സ് റേഷ്യോ, ഏതു വേണമെങ്കിലും എടുക്കാം. യെച്ചൂരിയെപ്പോലെ ദേശീയ ശ്രദ്ധയാകര്ഷിക്കാനാകുന്ന, ഹിന്ദിയും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യാനാകുന്ന, സാമാന്യ മര്യാദയോടെ പെരുമാറാനറിയാവുന്ന ഒരാൾക്ക് ചയ്യാവുന്ന കാര്യമാണ് അത്. നുണ പ്രചാരണത്തെ നേരിടേണ്ടത് കണക്കു വച്ചിട്ടാണ്. അത് ഫലപ്രദമായി അവതരിപ്പിച്ചിട്ടാണ്. ഇത്രകാലം പറഞ്ഞതുപോലെയല്ല, ഇനി പറഞ്ഞാൽ കേൾക്കും. പറഞ്ഞില്ലെങ്കിൽ കേൾക്കുകയുമില്ല.ഇതൊരു മെയ്ക്ക് ഓർ ബ്രെയ്ക്ക് ഗെയിമാണ്.